മഴയിലെ മാറ്റങ്ങൾ

മഴയിലെ മാറ്റങ്ങൾ

മലയാളിക്ക് മഴ അലങ്കാരവും അഹങ്കാരവുമൊക്കെ ആയിരുന്നെങ്കിലും ഇപ്പോ മഴ അപകടവും ആകുലതയുമാണ് കൂടുതലും കൊണ്ടുവരുന്നത്. എന്തൊക്കെയാണ്, എവിടെയൊക്കെയാണ് മഴയിലെ മാറ്റങ്ങൾ? എന്തുകൊണ്ടാണ് മഴയുടെ ഭാവങ്ങൾ മാറിയത്? ഭാവിയിലും ഈ മാറ്റങ്ങൾ ഇതുപോലെ തുടരുമോ അതോ വർദ്ധിക്കുമോ? എന്തൊക്കെയാണ്  പരിഹാര മാർഗങ്ങൾ?

Kerala Rains Floods Bucket

മഴയിലെ മാറ്റങ്ങൾ

വെള്ളപ്പൊക്കവും അതിനോടൊപ്പം തന്നെ വരണ്ട കാലാവസ്ഥയും ഒരേ സമയം അഭിമുഖീകരക്കേണ്ട അവസ്ഥയാണ് മലയാളിക്ക്. 1950 മുതൽ 2021 വരെയുള്ള മഴയളവ് നോക്കിയാൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും കൂടിയിട്ടുണ്ട്. അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മദ്ധ്യകേരളത്തിലാണ് — ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും അതിതീവ്ര മഴ കൂടിയിട്ടുണ്ട്.  അതേസമയം, ജൂൺ മുതൽ സെപ്തമ്പർ വരെ മൊത്തമായി കിട്ടുന്ന മഴയുടെ അളവിൽ കേരളമൊട്ടാകെ ഗണ്യമായ (10 മുതൽ 20 ശതമാനം വരെ) കുറവാണ് വന്നിട്ടുള്ളത്.

Kerala Extreme Rainfall Trend Map
Kerala Monsoon Rainfall Trend Map

2022 തന്നെ കണക്കിലെടുക്കുക. ജൂണിൽ കാലവർഷം തുടങ്ങി ആദ്യത്തെ ഒന്നൊന്നര മാസം കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ മഴ 30 മുതൽ 60 ശതമാനം വരെ സാധാരണയിലും കുറവായിരുന്നു. പിന്നീട് പലപ്പോഴായി അതിതീവ്രമഴയും മേഘവിസ്ഫോടനവും സംഭവിച്ചു, മണ്ണിടിച്ചിലും ഉരുളപ്പൊട്ടലും വെള്ളപ്പൊക്കവും വഴി പലരുടേയും ജീവനും ജീവിതമാർഗങ്ങളും പൊലിഞ്ഞു. അതിതീവ്രമഴയും വെള്ളപ്പൊക്കവും സംഭവിച്ചെങ്കിലും കേരളത്തിന് മൊത്തമായി കിട്ടിയ മഴ ഇപ്പോഴും 10 ശതമാനം കുറവാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മഴക്കമ്മി 20 ശതമാനത്തിനും  മുകളിലാണ്. 

കാലാവസ്ഥ വ്യതിയാനം

ഇന്ത്യൻ മഹാസമുദ്രത്തിലൂടെ വീശുന്ന മൺസൂൺ കാറ്റുകൾ കൊണ്ടുവരുന്ന കാലവർഷത്തിന്റെ പ്രവേശനകവാടമാണ് കേരളം. അതുകൊണ്ട് തന്നെ കാലവർഷത്തിൽ വരുന്ന വ്യതിയാനങ്ങളും വളരെ വ്യക്തമായി, ആദ്യം തന്നെ പ്രകടമാകുന്ന സംസ്ഥാനവുമാണ്. കേരളത്തിലെ വാർഷികമഴയുടെ 70 ശതമാനവും കാലവർഷത്തിലൂടെയാണ് ലഭിക്കുന്നതെന്നതുകൊണ്ട് മഴയിലെ മാറ്റങ്ങൾ സംസ്ഥാനത്തിന്റെ ജല-ഭക്ഷ്യ-വൈദ്യുതി സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു.

Global warming and Kerala cloudburst rains

ആഗോളതാപനത്തിന്റെ വ്യക്തമായ ഒരു സൂചനയാണ് കാലവർഷത്തിൽ കിട്ടുന്ന മൊത്തമായ മഴ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവെക്കുന്നു. അത് കൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചുവെച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുന്നു. വെള്ളപ്പൊക്കവും വരൾച്ചയും ഒരേ വർഷം തന്നെ സംഭവിക്കുന്നു. ഇതിനോടൊപ്പം കാലാവസ്ഥ വ്യതിയാനത്തിൽ  മൺസൂൺ കാറ്റുകൾക്ക് വന്നിരിക്കുന്ന ഏറ്റക്കുറച്ചിലുകളും മഴയുടെ താളത്തെ ബാധിച്ചിട്ടുണ്ട്.

ഭാവി?

ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ഈർപ്പം കൂടി വരുമ്പോൾ മൊത്തത്തിലുള്ള മഴയുടെ അളവും കൂടുമെന്ന് കാണിക്കുന്നു. ഓരോ ഡിഗ്രി സെൽഷ്യസ് വർദ്ധനവിനും 10 ശതമാനം വരെ മഴ കൂടുമെന്നാണ് കണക്ക്. പക്ഷേ മഴയിലെ ഈ വർദ്ധനവ് കാലവർഷത്തിലുടനീളം മിതമായ രീതിയിൽ വ്യാപിക്കുന്നില്ല, പകരം ഏറ്റക്കുറച്ചിലോടു കൂടിയാണ് വരുന്നത്.  വരും വർഷങ്ങളിൽ അതിതീവ്രമഴയും ഇതിനോടൊപ്പം വർദ്ധിക്കും. നമ്മുടെ വീടും തോടും റോഡും കൃഷിയിടവും വികസനങ്ങളും ഒക്കെ ഭാവിയിലെ കാലാവസ്ഥ-മഴ മാറ്റങ്ങളെ അനുസരിച്ച് തയ്യാറാക്കേണ്ടിയിരിക്കുന്നു.

പരിഹാര മാർഗങ്ങൾ — എന്ത് ചെയ്യാം? എന്ത് ചെയ്യാതിരിക്കണം?

കാലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പ്രത്യാഘാതവും പരിഹാരമാർഗ്ഗങ്ങളും പ്രാദേശികമാണ്. അതുകൊണ്ട് ഓരോ പ്രദേശത്തിനും, അത് പഞ്ചായത്ത് തലത്തിൽ തന്നെ വിലയിരുത്തൽ നടത്തിവേണം പദ്ധതികൾ നടപ്പിലാക്കാൻ.

ഉരുൾപൊട്ടലുണ്ടാകാൻ അതിതീവ്ര മഴയും കേരളത്തിന്റെ ചരിവുള്ള ഭൂപ്രകൃതിയും പ്രധാന കാരണമാണ്. ചരിവുള്ള കുന്നുകൾ തുരന്ന് ഖനനം ചെയ്യുകയും മണ്ണും വെള്ളവും പിടിച്ചുനിറത്തുന്ന മരങ്ങൾ മാറ്റി വീടും റോഡും വ്യവസായവും പണിയുമ്പോൾ ഈ കുന്നുകൾ അതിലേറെ ദുർബലമാകുകയും അതിതീവ്ര മഴ പെയ്യുമ്പോൾ ഉരുളപ്പൊട്ടുകയും മലവെളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്യുന്നു. കേരളത്തിന്റെ ചരിഞ്ഞ ഭൂപ്രകൃതി പെയ്യുന്ന മഴയുടെ 70 ശതമാനവും ഒഴുക്കിവിടുന്നു.

Kerala Rains Floods and Climate Change

വളഞ്ഞൊഴുകുന്ന പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോൾ വെള്ളം പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ പോകുന്നു. അങ്ങനെ സമീപപ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തുന്നു. പുഴയിലെ മണൽ വാരി ആഴം കൂട്ടിയാൽ ഈ പ്രശ്നം തീരില്ല. കുറച്ചു വെള്ളം അതിവേഗത്തിൽ കുത്തിയൊലിച്ച് പോകും. വെള്ളം പരന്ന് ഇറങ്ങാത്തത് കൊണ്ട് വരൾച്ചയും പെട്ടെന്ന് വരുന്നു. അതുകൊണ്ട് പുഴകളുടെ തിട്ടകളും തീരങ്ങളും സംരക്ഷിക്കേണ്ടതു അത്യാവശ്യമാണ്. വേറൊരു പ്രശ്നവും ഉണ്ട്. പുഴ വെള്ളം കടലിലേയ്ക്കാണ് ഒഴുകി പോകണ്ടിയത്. പക്ഷേ ഓരോ വർഷവും സമുദ്രനിരപ്പ് കൂടുന്നതോടൊപ്പം ഒഴുക്ക് കുറയുകയും ഉപ്പുവെള്ളം തിരിച്ച് കയറുകയും ചെയ്യും.

Climate change and Kerala rivers

അതിതീവ്രമഴ കൂടുന്ന പ്രദേശത്തെ ഭൂപടവും ഉരുളപ്പൊട്ടൽ സാധ്യതയുള്ള മേഖലകളുടെ ഭൂപടവും ഒരുമിച്ച് ഉപയോഗിച്ച് ഭൂമി-വനം-പുഴ-ജല വിനയോഗത്തിന്  ദീർഘകാല വീക്ഷണമുള്ള പദ്ധതികൾ ഉണ്ടാക്കണം. ഓരോ വർഷവും കാലാവസ്ഥാ പ്രവചനങ്ങൾക്കായി കാത്തിരിക്കരുത്. 

കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകും വെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടകളും ചാലുകളും ഇല്ല. പറമ്പുകളുടെ മതിലുകളിൽ വെള്ളമിറങ്ങി പോകാൻ ദ്വാരങ്ങളില്ല. കോൺക്രീറ്റും നിർമ്മിത തടസ്സങ്ങളും വെള്ളക്കെട്ടുണ്ടാക്കുന്നു. ഈ പ്രശ്നങ്ങളൊക്കെ മനസ്സിലാക്കിയാൽ അതിനുള്ള പരിഹാരമാർഗങ്ങളും തെളിഞ്ഞു വരും.

മൊത്തത്തിലുള്ള മഴയുടെ അളവ് കുറഞ്ഞെങ്കിലും കേരളത്തിന് ഇപ്പോഴും ഒരു പാട് മഴ കിട്ടുന്നുണ്ട്. Water is more of a management issue than a climate change issue. കാലാവസ്ഥ വ്യതിയാനത്തെക്കാളും ജല സുരക്ഷയെ ബാധിക്കുന്നത് ജലം നമ്മളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്.

മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യാൻ വിജയിച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കുക. മഴപ്പൊലിമ (ഭൂഗർഭജല റീചാർജ്ജിംഗ്), ജലവർഷിണി (കുളങ്ങളും തടാകങ്ങളും പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി), പുഴ പുനർജനി ഇവയെല്ലാം ചിലവു കുറഞ്ഞ, വിജയിച്ച പദ്ധതികളാണ്. തൊഴിലുറപ്പ് പദ്ധതിയോടൊപ്പം ചേർത്ത് ഇവ എവിടെയും ചെയ്യാവുന്നതാണ്.

വനസംരക്ഷണം നിർബന്ധമാക്കുക. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനെക്കാൾ, സസ്യ-ജല ബാഷ്പീകരണം വഴി ജലം നിലനിർത്തി വീണ്ടും മഴ പെയ്യിക്കുകയും, അതേസമയം മണ്ണൊലിപ്പ്‍ തടയുകയും ചെയ്യുന്നുണ്ട്. തമിഴ്നാടിന് വരെ ഓരോ വർഷവും കിട്ടുന്ന മഴയുടെ 25-50% വരെ പശ്ചിമഘട്ടത്തിലെ സസ്യജല ബാഷ്പീകരണം വഴിയാണെന്ന് അറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വളരെയേറെയാകുന്നു.

മഴയിലെ മാറ്റങ്ങൾ കൃഷിയെ ബാധിക്കുന്നുണ്ട്. കാലത്തിനൊപ്പം കൃഷി രീതിയും മാറേണ്ടതുണ്ട്. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന വിളകൾ തയ്യാറാക്കുന്നുണ്ട്. കാർഷിക സരവകലാശാലയും കൃഷി-കാലാവസ്ഥ വകുപ്പുകളും ഓരോ അഞ്ചു ദിവസവും പുറത്തിറക്കുന്ന കാർഷിക കാലാവസ്ഥ നിർദ്ദേശക ബുള്ളറ്റിൻ ഉപയോഗപ്രദമാണ്.

കൂട്ടായ പ്രവർത്തനം ആവശ്യമാണ്

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. അപകടസാധ്യതകൾ വിലയിരുത്തുന്നതിനും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പഞ്ചായത്തുകൾ, പൊതു-സംഘടനകൾ,  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ എന്നിവരുമായി പ്രാദേശിക പൗരന്മാർക്ക് പ്രവർത്തിക്കാനാകും.

Climate change and citizen science networks

വ്യാപക-അതിതീവ്ര മഴ 2-3 ദിവസം മുമ്പ് പ്രവചിക്കാൻ കഴിയുന്ന തരത്തിൽ കാലാവസ്ഥാ പ്രവചനരംഗം പുരോഗമിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുകൾ ഒരാഴ്ച മുമ്പേ പ്രവചിക്കാം. എന്നിരുന്നാലും, ചെറിയൊരു പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാകുന്ന അതിതീവ്രമഴ (മേഘവിസ്ഫോടനം) പ്രവചിക്കാനോ എന്തിന് നിരീക്ഷിക്കാനോ പോലും സംവിധാനങ്ങളില്ല.

കേരളത്തിൽ ഓരോ മൂന്ന് കിലോമീറ്ററിനും ഓരോ സ്കൂൾ ഉണ്ടെന്നാണല്ലോ. ഓരോ സ്‌കൂളിലും ഓരോ മഴമാപിനിയും തെർമോമീറ്ററും സ്ഥാപിക്കാൻ കഴിയുമെങ്കിൽ, അത് മഴയിലെ മാറ്റങ്ങൾ നിരീക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തോട് പൊരുത്തപ്പെടാനുമുള്ള Climate Equipped Schools-ലേക്കുള്ള ആദ്യ ചുവടുവെയ്‌പ്പായിരിക്കും. ഇതിന് ചിലവ് ₹1000–5000 ആകുകയുള്ളു. സ്‌കൂളുകളുടെ ജല-വൈദ്യുതി ആവശ്യങ്ങൾക്കായി സോളാർപാനലുകൾ, ജലസംഭരണികൾ എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞാൽ, അത് കാലാവസ്ഥാ പ്രവർത്തനത്തിനും ലഘൂകരണത്തിനുമുള്ള അടുത്ത പടിയാകും. Meenachil River and Rain Monitoring (MRRM) പോലുള്ള പദ്ധതികൾ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയം കാണിക്കുന്നു.

Build climate equipped schools

വരും വർഷങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ ഇനിയും പല മടങ്ങ് വർദ്ധിക്കും. അതു കൊണ്ട് ഏറ്റവും അടിയന്തരമായി കാലാവസ്ഥ മാറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനായി പ്രാദേശികമായി തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനം, പരിസ്ഥിതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങളെ മനസ്സിലാക്കി അതിനായി നമ്മുടെ പഞ്ചായത്തിനെയും നഗരത്തിനെയും സംസ്ഥാനത്തെയും സജ്ജമാക്കാൻ ജനപതിനിധികൾ തയ്യാറാകുക എന്നതാണ്.

കേരളവും കാലാവസ്ഥ വ്യതിയാനവും — കേരള നിയമസഭയിൽ

— റോക്സി മാത്യു കോൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിൽ കാലാവസ്ഥ ശാസ്ത്രജ്ഞൻ


Citation:
റോക്സി, എം. കെ. (2022), മനം മാറി മഴ [Editorial], മലയാള മനോരമ.


Originally published in Malayala Manorama [PDF]

Monsoon Rainfall Changes  in Kerala, Editorial in Malayala Manorama